അടിമാലി: ബൈക്ക് മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ സുഹൃത്തിനെ രാത്രിയിൽ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സുഹൃത്ത് അറസ്റ്റിൽ.
പുത്തൻപുരയ്ക്കൽ ചന്ദ്രന്റെ (45) മരണത്തിനുത്തരവാദി സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരത ആണെന്നുള്ളത് സമൂഹ മനസാക്ഷിക്ക് തന്നെ നൊമ്പരമായി. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസാണ് (28) അറസ്റ്റിലായത്.
ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.
വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിന് ക്ഷതമേറ്റതാണു മരണ കാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.