മുംബൈ: ഉയര്‍ന്ന വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം സ്ത്രീയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പോലും ജോലി ചെയ്യണോ വീട്ടില്‍ ഇരിക്കണോ എന്നതില്‍ സ്ത്രീ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെ നിരീക്ഷിച്ചു.
വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ചെലവിന് നല്‍കാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. കുടുംബത്തെ സ്ത്രീകള്‍ സാമ്പത്തികമായി പിന്തുണയ്ക്കുക എന്നതിനെ സമൂഹം ഇപ്പോഴും പൂര്‍ണമായി സ്വീകരിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജോലി ചെയ്യണോ എന്നത് സ്ത്രീക്ക് തീരുമാനിക്കാവുന്ന കാര്യമാണ്. അവളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല. ബിരുദം നേടി എന്നതുകൊണ്ടു മാത്രം വീട്ടിലിരിക്കരുത് എന്നു പറയാനാവില്ലെന്ന് കോടതി പറഞ്ഞു.
''ഞാന്‍ ഇപ്പോള്‍ കോടതിയിലെ ജഡ്ജിയാണ്. നാളെ ഒരുപക്ഷേ വീട്ടില്‍ ഇരിക്കും. ജഡ്ജിയായിരിക്കാന്‍ യോഗ്യയായ ഒരാള്‍ വീട്ടില്‍ ഇരിക്കാന്‍ പാടില്ല എന്ന് അപ്പോള്‍ പറയുമോ? '' എന്ന് കോടതി ചോദിച്ചു.
വേര്‍പിരിഞ്ഞ ഭാര്യ ബിരുദധാരിയാണെന്നും ജോലി ചെയ്തു ജീവിക്കാനുള്ള യോഗ്യതയുണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധി പുനപ്പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.