കൊല്‍ക്കത്ത: ബിജെപിയുടെ 'പാപങ്ങള്‍ക്ക്' ജനങ്ങള്‍ എന്തിന് അനുഭവിക്കണമെന്ന് വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ തുടര്‍ച്ചയായ രണ്ടാംദിനവും പശ്ചിമ ബംഗാളിലെ ഹൗറയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മമത. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
'ഞാന്‍ ഇത് മുമ്പേ പറഞ്ഞതാണ്. രണ്ടു ദിവസമായി ഹൗറയില്‍ സാധാരണ ജീവിതം തടസപ്പെടുകയും ആക്രമങ്ങള്‍ അരങ്ങേറുകയുമാണ്. ഏതാനും രാഷ്ട്രീയ നേതാക്കളാണ് ഇതിനു പിന്നില്‍. അവര്‍ കലാപം സൃഷ്ടിക്കുകയാണ്. ഇത് ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ല. കര്‍ശന നടപടി സ്വീകരിക്കും. ബി.ജെ.പി പാപം ചെയ്തു. ജനം അനുഭവിക്കണമെന്നാണോ?' എന്ന് മമത ട്വീറ്റ് ചെയ്തു.
കൊല്‍ക്കത്തക്കു സമീപം ഹൗറയില്‍ ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തിനെതിരെ നടന്ന പ്രതിഷേധം വെള്ളിയാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്ന് രാവിലെയും പ്രദേശത്ത് സംഘര്‍ഷം അരങ്ങേറി. ബുധനാഴ്ച വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലുടനീളം തിങ്കളാഴ്ച വരെ ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു.
സംസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിച്ച് ഡല്‍ഹിയില്‍ പോയി പ്രക്ഷോഭം നടത്താന്‍ മമത ബാനര്‍ജി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു.