ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഇന്നലെ വൈകുന്നേരം 6.55ന് പുല്‍വാമയിലെ ദ്രബ്‌ഗം മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടലിലാണ് മൂന്ന് ലഷ്‌കര്‍ ഇ ത്വയ്‌ബ ഭീകരരെ വധിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്‌മദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ലഷ്‌കര്‍ ഭീകരന്‍ ജുനൈദ് ഷീര്‍ഗോജ്‌റിയും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ഫാസില്‍ നസീര്‍ ഭട്ട്, ഇര്‍ഫാന്‍ അഹ് മാലിക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരര്‍. ഇവരില്‍ നിന്നും എകെ 47 തോക്കും ഒരു പിസ്‌റ്റളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി കാശ്‌മീര്‍ പൊലീസ് അറിയിച്ചു.
24 മണിക്കൂറിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കാശ്‌മീരില്‍ നടക്കുന്ന രണ്ടാമത് ഏറ്റുമുട്ടലാണിത്. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സംയുക്ത സേന ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി റഫീക്ക് അഹ്‌മെദ് ഗനിയെ വധിച്ചു.
പൊലീസ്, സുരക്ഷാസേന എന്നിവര്‍ക്ക് നേരെയും പൊതുജനങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങള്‍ നടത്തിയ കേസുകളില്‍ പ്രതിയാണ് ഗനി. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലുകള്‍ക്ക് ഒടുവിലാണ് ഏറ്റുമുട്ടലുകളുണ്ടായത്.