ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ഇപ്പോള്‍. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് അവര്‍ ഇ.ഡിയുടെ നോട്ടീസിന് മറുപടി നല്‍കിയിരുന്നു.
ജൂണ്‍ എട്ടിന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാല്‍ സോണിയ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകാന്‍ പുതിയ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതേ കേസില്‍ ജൂണ്‍ 13ന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിയോടും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിദേശത്തായതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുല്‍ അറിയിക്കുകയായിരുന്നു.