ശ്രീനഗര്‍: ഭീകരരുടെ ശവപ്പറമ്പായി ജമ്മു കശ്മീര്‍. 2022 ന്റെ ആദ്യ പകുതി പിന്നിടും മുമ്പ് സൈന്യം കൊലപ്പെടുത്തിയത് നൂറിലേറെ ഭീകരരെയാണ്. ഞായറാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇതോടെയാണ് ഈ വര്‍ഷം ആറുമാസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി വധിച്ച ഭീകരരുടെ എണ്ണം നൂറിലെത്തിയത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉറിക്കും കശ്മീരിനും സമീപമുള്ള തീവ്രവാദ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്‌കര്‍, ജെയ്‌ഷെ, അഫ്ഗാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ പരിശീലനം നല്‍കിയിട്ടുണ്ട്.
താഴ്‌വരയിലൂടെയുള്ള അമര്‍നാഥ് യാത്ര തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കശ്മീരിലെത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ 83 ലഷ്‌കര്‍ ഭീകരര്‍ കശ്മീരില്‍ ഉണ്ട്. ഇതുകൂടാതെ 30 ജെയ്‌ഷെ ഭീകരരും 38 ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരും പ്രവര്‍ത്തനം തുടരുന്നു.