ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകും. രാഹുലിനൊപ്പം കോണ്‍ഗ്രസ് എം.പിമാരും മുതിര്‍ന്ന നേതാക്കളും പ്രകടനമായി നീങ്ങും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സന്ദേശം നല്‍കുന്ന ശക്തി പ്രകടനത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് വ്യക്തമാക്കാന്‍ രാജ്യത്തെ 25ഓളം ഇ.ഡി ഓഫീസുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജൂണ്‍ 23ന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ സോണിയും രാഹുലും ഡയറക്ടര്‍മാരായ യംങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ഇ.ഡി അന്വേഷിക്കുന്നത്.