മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തം: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌; അറസ്റ്റ്

മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തം: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌; അറസ്റ്റ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാമോർച്ച, യൂത്ത് ലീഗ് തുടങ്ങിയവർ സംഘടനകൾ മുഖ്യമന്ത്രി രാജി വെച്ച് പുറത്തു പോകണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

കണ്ണൂർ ഗസ്റ്റ് ഹൗസിനു മുന്നിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.  പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കറുത്ത ഷർട്ടും കറുത്ത ബലൂണുകളും ആയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത്. തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു സമീപത്ത് യൂത്ത് കോൺഗ്രസും യൂത്ത്‌ലീഗും പ്രതിഷേധിച്ചു. പൊലീസ് രണ്ട് തവണ ലാത്തിവീശി. നിലത്തു വീണ പ്രവർത്തകനെ പൊലീസ് മർദിച്ചു.

മുഖ്യമന്ത്രി താമസിക്കുന്ന പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് കരിങ്കൊടിയുമായി മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പ് നഗരത്തിൽ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തി.


കറുപ്പ് സാരി അണിഞ്ഞായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ മഹിള മോര്‍ച്ചയുടെ പ്രതിഷേധം. ചാണക വെള്ളവും ചൂലുമായാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. പ്രവര്‍ത്തകരെ തടഞ്ഞ പോലീസിനു നേര്‍ക്ക് ചാണക വെള്ളം തളിച്ചു. പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.