തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാത്തിരിക്കുന്നത് യാത്രാവിലക്കും കേസുകളും. വിമാനത്തിനുള്ളില്‍ വച്ചുള്ള സുരക്ഷാ പ്രശ്‌നമായതിനാല്‍ പ്രതിഷേധക്കാര്‍ക്ക് കാര്യങ്ങള്‍ അത്ര പന്തിയില്ല.
സംഭവത്തില്‍ കേരളാ പോലീസ് പ്രത്യേക കേസെടുത്ത് അന്വേഷണം തുടങ്ങി. വിമാനത്തിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും. വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കാത്തതിനാല്‍ സി.ഐ.എസ്.എഫ്. സംഭവത്തില്‍ കേസെടുത്തിട്ടില്ല.
കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്.
ഇവര്‍ക്കെതിരേ ഒരു വര്‍ഷം യാത്രാവിലക്ക് വരാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേ വിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.