ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധം നടന്ന സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടുമായി ഇന്‍ഡിഗോ എയര്‍ ലൈന്‍സ്. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധം നടത്തിയത്.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം വിളിച്ച് ഇവര്‍ നീങ്ങുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഇന്‍ഡിഗോ ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ട്
സംഭവം നടക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ചവരെ വിമാന ജീവനക്കാര്‍ ശാന്തരാക്കാന്‍ നോക്കിയെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പറയുന്നത്. പ്രതിഷേധിച്ചവരെ രാഷ്ട്രീയ നേതാവ് ഇ.പി ജയരാജന്‍ പിടിച്ചുതള്ളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിതമായി പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരാണ് 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചത്.
വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ ആഞ്ഞു തള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും നിയമം നുസരിച്ച് ഒരേ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.