ന്യൂഡല്‍ഹി: ടിക്കറ്റ് കൈവശമുണ്ടായിട്ടും യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ച് എയര്‍ ഇന്ത്യ. യാത്രക്കാർക്കെതിരെയുള്ള ഈ നടപടിയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.
ആവശ്യമായ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും കൃത്യസമയത്ത് വിമാനത്താവളത്തില്‍ ഹാജരായിട്ടും തങ്ങള്‍ക്ക് യാത്ര നിഷേധിച്ചുവെന്ന തരത്തില്‍ പലയിടങ്ങളിലും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.സി.എ ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് എയര്‍ ഇന്ത്യ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.
യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കമ്പനിയ്ക്ക് വീഴ്ച വന്നതായും കണ്ടെത്തി. ഇതോടെ ഡി.ജി.സി.എ കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മതിയായ സംവിധാനം ഒരുക്കണമെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചു.