നാഷണല്‍ ഹെറാള്‍ഡ് കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ല; സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡിയ്ക്ക് കത്ത് നൽകി രാഹുൽ

നാഷണല്‍ ഹെറാള്‍ഡ് കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ല; സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡിയ്ക്ക് കത്ത് നൽകി രാഹുൽ

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാളെ നിശ്ചിയിച്ചിരിക്കുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിനെ അറിയിച്ച് രാഹുല്‍ ഗാന്ധി.

ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടും രാഹുല്‍ ഇ.ഡിക്ക് കത്ത് നല്‍കി. തുടര്‍ച്ചയായ മൂന്ന് ദിവസം രാഹുലിനെ ചോദ്യം ചെയ്ത ഇ.ഡി ഇന്നത്തെ ദിവസം ഇടവേള നല്‍കിയാണ് നാളത്തേക്ക് ചോദ്യം ചെയ്യല്‍ വച്ചത്. മൂന്ന് ദിവസം തുടര്‍ച്ചയായി ഹാജരായ അതിന്റെ ആവശ്യത്തോട് ഇ‍.ഡി എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കോൺഗ്രസ്.

അതേസമയം രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേത‍ൃത്വം കാണുന്നത്. കേന്ദ്ര സര്‍ക്കാ‍ര്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിര്‍ത്താനാണ് എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായത്.

രാഹുലിന്റെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. ഞായറാഴ്ച മുഴുവന്‍ എംപിമാരും ഡൽഹിയിലെത്തണമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച്‌ പ്രതിഷേധം നടത്തണം. പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാനനുവദിക്കാത്ത ഡൽഹി പൊലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം കടുപ്പിക്കാനുള്ള തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.