ന്യൂഡല്‍ഹി: പുതിയ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം.
പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയി കേന്ദ്രം ഉയര്‍ത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.
അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സായുധ സേനയില്‍ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.