വാട്‌സാപ്പ് സന്ദേശം കണ്ട് അഗ്നിപഥിനെതിരേ പ്രതിഷേധത്തിനിറങ്ങിയാല്‍ പണികിട്ടും; തെരുവിലിറങ്ങി പൊതുമുതല്‍ നശിപ്പിച്ചാല്‍ കടുത്ത നടപടിക്ക് പൊലീസ്

വാട്‌സാപ്പ് സന്ദേശം കണ്ട് അഗ്നിപഥിനെതിരേ പ്രതിഷേധത്തിനിറങ്ങിയാല്‍ പണികിട്ടും; തെരുവിലിറങ്ങി പൊതുമുതല്‍ നശിപ്പിച്ചാല്‍ കടുത്ത നടപടിക്ക് പൊലീസ്

തിരുവനന്തപുരം: വാട്‌സാപ്പ് ഭാരത് ബന്ദ് നടത്തുന്നവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാന്‍ പൊലീസ്. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം പുറപ്പെടുവിച്ചു.

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. വാട്‌സാപ്പ് വഴിയാണ് ബന്ദിന്റെ കാര്യം പ്രചരിക്കുന്നത്.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.