തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താൻ വൈകിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയിൽ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടര്‍ന്ന് വൃക്ക രോഗിയായ കാരക്കോണം സ്വദേശി സുരേഷ് കുമാര്‍ (62) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് തന്നെ വൃക്ക എത്തിയെങ്കിലും നാല് മണിക്കൂറോളം വൈകി ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. യാത്ര വൈകിയിട്ടില്ലെന്നും ആംബുലന്‍സ് 5.30 ഓടെ ആശുപത്രിയിലെത്തിയെന്നും ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചു.
എന്നാൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രോഗിയുടെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വീട്ടില്‍ നിന്നാണ് രോഗി വന്നത്. ഇതിലാണ് കാലതാമസം വന്നത്. എട്ടുമണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു.