തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ സത്യം പുറത്തു വരണമെങ്കില്‍ സിബിഐ തന്നെ വരണമെന്നാണ് കത്തില്‍ സ്വപ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു.
രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 22 ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ അംഗീകൃത പകര്‍പ്പ് ഇഡി കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളിലേക്ക് കടക്കുന്നത്.