തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് പദ്ധതിയുടെ പുതുക്കിയ ഉത്തരവിറങ്ങുന്നത്.
പദ്ധതി പ്രകാരം ജൂലായ് മുതല്‍ പ്രതിമാസം 500 രൂപ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കും.
പ്രതിവര്‍ഷം 4800 രൂപ പ്രീമിയവും ജി എസ് ടിയുമാണ് അടയ്ക്കേണ്ടത്. മൂന്ന് ലക്ഷമാണ് ചികിത്സാപരിധി. ഒ പി ചികിത്സയ്ക്ക് പരിരക്ഷയുണ്ടാകില്ല. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെഡിസെപ്പുമായി സഹകരിക്കുന്ന ആശുപത്രികളുടെ മുഴുവന്‍ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പത്താം ധനകാര്യകമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപടി തുടങ്ങിയിരുന്നെങ്കിലും പദ്ധതിയുടെ ആദ്യ ഉത്തരവിറക്കിയത് ഒന്നാം പിണറായി സര്‍ക്കാരാണ്. പ്രീമിയം തുകയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഒടുക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം അതിന് കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.