തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി ആർബിഐ

തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി ആർബിഐ

ന്യൂഡൽഹി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ല എന്നതാണ് ബാങ്കിന് എതിരായ കുറ്റം.

57.5 ലക്ഷം രൂപയാണ് ബാങ്ക് പിഴയായി അടക്കേണ്ടത്. 2020 മാര്‍ച്ച്‌ 31 ലെ സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ അടക്കം കണ്ടെത്തി മൂന്നാഴ്ചയ്ക്കകം റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കുന്നതില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പരാജയപ്പെട്ടതാണ് വന്‍തുക പിഴ ചുമത്താന്‍ ഉള്ള കാരണം.

ചില പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരുന്നതാണ് ബാങ്കിന് എതിരായ നടപടിയിലേക്ക് നയിച്ചതെന്നും അതല്ലാതെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ അല്ല എന്നും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.