മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്‌ട്രയിൽ വിമത മന്ത്രിമാരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. ഭരണ സൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാരെ ഏല്‍പ്പിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.
ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കിയത്. മന്ത്രിസഭയുടെ പ്രവര്‍ത്തനം അനിശ്‌ചിതത്വത്തില്‍ ആകാതിരിക്കാനാണ് നടപടിയെന്നും പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് ഉടന്‍ തന്നെ ചുമതല കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ പരാബ്, സുഭാഷ് ദേശായ് തുടങ്ങി നാല് കാബിനറ്റ് മന്ത്രിമാരാണ് ശിവസേനക്കുള്ളത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നേരത്തെ 10 കാബിനറ്റ് മന്ത്രിമാരും സേന ക്വാട്ടയില്‍ നിന്നുള്ള രണ്ട് സഹമന്ത്രിമാരും ഉള്‍പ്പടെ നാല് സഹ മന്ത്രിമാരുമുണ്ടായിരുന്നു. സഹമന്ത്രിമാര്‍ എല്ലാവരും വിമത ക്യാംപിലാണ്.