സ്വര്‍ണക്കള്ളക്കടത്ത് കേസ്; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കള്ളക്കടത്ത് കേസ്; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൊന്നും വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് കേസ് സെറ്റില്‍ ചെയ്യുമോയെന്ന് സംശയമുണ്ടെന്നും ഇപ്പോള്‍ തന്നെ സെറ്റില്‍ ചെയ‌്തിട്ടുണ്ടാകാമെന്നും സതീശന്‍ ആരോപിച്ചു. അതുകൊണ്ട് ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉയര്‍ന്ന ഒരു ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യമറ പരിധിക്കണമെന്ന് പറഞ്ഞയാളാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍.

ഇന്നത് അദ്ദേഹത്തിന് നേര്‍ക്കുതന്നെ വന്നിരിക്കുയാണ്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നും സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് ഇ.ഡി മാത്രം അന്വേഷിക്കേണ്ടതില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്നത് അന്വേഷിക്കേണ്ടത് സിബിഐയാണ്. സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നതും സിബിഐ അന്വേഷണമാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ആരെയും വിശ്വാസമില്ലെന്നും സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.