ദുക്‌റാന തിരുനാളിലും ജോലിക്ക് ഹാജരാകണമെന്ന ഉത്തരവിറക്കി പൊതുമരാമത്ത് വകുപ്പ്; പ്രതിഷേധമുയര്‍ത്തി ക്രൈസ്തവ സമൂഹം

ദുക്‌റാന തിരുനാളിലും ജോലിക്ക് ഹാജരാകണമെന്ന ഉത്തരവിറക്കി പൊതുമരാമത്ത് വകുപ്പ്; പ്രതിഷേധമുയര്‍ത്തി ക്രൈസ്തവ സമൂഹം

കൊച്ചി: ദുക്‌റാന തിരുനാളായ (സെന്റ് തോമസ് ഡേ) വരുന്ന ഞായറാഴ്ച ജോലിക്ക് ഹാജരാകണമെന്ന ഉത്തരവിറക്കി കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ വെല്ലുവിളിച്ച് പൊതുമരാമത്ത് വകുപ്പ്. ഭാരതത്തിലെ ക്രൈസ്തവര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ദുക്‌റാന തിരുനാളില്‍ ജോലിക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് ഭരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ ജൂണ്‍ 29 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീര്‍പ്പാക്കുന്നതിന് ജൂലൈ മൂന്നിന് ജോലിക്ക് ഹാജരാകാനാണ് പൊതുമരാമത്ത് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മ്മത്തിരുന്നാളായ ദുക്‌റാനയോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ജൂലൈ മൂന്നിന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യ ബലിയുമുണ്ട്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കാതെയുള്ള ഉത്തരവില്‍ പൊതുമരാമത്ത് വകുപ്പിലെ ക്രൈസ്തവരായ ജീവനക്കാര്‍ മേലധികാരികളെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ജൂലൈ മൂന്ന് കേരളത്തില്‍ പൊതു അവധി ദിവസമാണെങ്കിലും അന്നെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തിക്കാറുണ്ടെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. അതിനാലാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പില്‍ ജോലിക്കെത്താന്‍ ജീവനക്കാര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയതെന്നുമാണ് വകുപ്പിലെ ഉന്നതര്‍ വ്യക്തമാക്കുന്നത്.

ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാ ശ്ലീഹായുടെ 1950-മത് മരണ തിരുനാളാണ് വരുന്ന ജൂലൈ മൂന്നിന് ആചരിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.