ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായുള്ള ബിജെപിയുടെ ലിസ്റ്റില്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയ അമരീന്ദറിനെ ഉപരാഷ്ട്രപതിയാക്കാനുള്ള നീക്കം പഞ്ചാബില്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
രണ്ടു തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുള്ള അമരീന്ദര്‍ ഗാന്ധി കുടുംബവുമായുള്ള ഉലച്ചിലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. പഞ്ചാബില്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നിരവധി കോണ്‍ഗ്രസ്, അകാലിദള്‍ നേതാക്കളെ ബിജെപി പാര്‍ട്ടിയിലെത്തിച്ചിരുന്നു.
അതേസമയം അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി അടുത്തു തന്നെ ബിജെപിയില്‍ ലയിക്കും. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന അമരീന്ദര്‍ സിംഗ് മടങ്ങിയെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചു.