'ഏത് നിമിഷവും കൊല്ലപ്പെടാം': കെ.ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് വധഭീഷണി മുഴക്കിയ വ്യക്തി പറഞ്ഞതായി സ്വപ്‌ന സുരേഷ്

'ഏത് നിമിഷവും കൊല്ലപ്പെടാം': കെ.ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് വധഭീഷണി മുഴക്കിയ വ്യക്തി പറഞ്ഞതായി സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനും മുന്‍ മന്ത്രി കെ.ടി ജലീലിനും എതിരായി ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ജീവന്‍ അപായപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന ഭീഷണി സന്ദേശങ്ങള്‍ നിരന്തരം ലഭിക്കുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഭീഷണി തെളിവായ കോള്‍ റെക്കോഡുകള്‍ സ്വപ്ന പുറത്തു വിട്ടു.

താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാമെന്നും വിളിക്കുന്നവര്‍ പേരും അഡ്രസും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും സ്വപ്ന പറഞ്ഞു. കെ.ടി ജലീല്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്നാണ് പെരിന്തല്‍മണ്ണയില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫല്‍ പറഞ്ഞത്. മരട് അനീഷ് എന്ന് പരിചയപ്പെടുത്തിയയാളും വിളിച്ച് ഭീഷണിപ്പെടുത്തി. ഈ വിവരങ്ങള്‍ ജനങ്ങള്‍ അറിയണം എന്നതിനാലാണ് ഇപ്പോള്‍ പറയുന്നതെന്നും സ്വപ്ന പറഞ്ഞു.

ഭീഷണി സന്ദേശങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്രത്തോളം സഹായം കിട്ടുമെന്ന് അറിയില്ല. കേന്ദ്ര ഏജന്‍സി തന്നെ ചോദ്യം ചെയ്യുന്നത് തടസപ്പെടുത്താനാണ് ഈ ഭീഷണി എന്നാണ് മനസിലാക്കുന്നത്.

കേന്ദ്ര ഏജന്‍സി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ചിന്റെ ഗൂഢാലോചന കേസ് അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന് എത്താനാകാത്തത്. ഇപ്പോള്‍ നടക്കുന്ന ഇ.ഡി അന്വേഷണത്തെ തടസപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന ആരോപിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.