ദിലീപിന് വന്‍ തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ദിലീപിന് വന്‍ തിരിച്ചടി; മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് വിധി പ്രസ്താവിച്ചത്. നേരത്തെ വിചാരണ കോടതി ഈ ആവശ്യം തള്ളിയിരുന്നു.

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി നിരാകരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ടു ദിവസത്തിനുള്ളില്‍ വിചാരണ കോടതി തങ്ങളുടെ പക്കലുള്ള മെമ്മറി കാര്‍ഡുകള്‍ അടക്കമുള്ളവ സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.

മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നെന്നതിന് തെളിവായി ഹാഷ് വാല്യൂ മാറിയോ എന്ന് അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഈ വിധി കനത്ത തിരിച്ചടിയാണ്. പ്രോസിക്യൂഷന്റെ ആവശ്യം അനുവദിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റുദ്ദേശങ്ങളുണ്ടാകാമെന്നും പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.