ബാലഭാസ്‌കറിന്റെ മരണം: സിബിഐക്ക് കോടതിയുടെ അന്ത്യശാസനം

ബാലഭാസ്‌കറിന്റെ മരണം: സിബിഐക്ക് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് തിരുവനന്തപുരം സിജെഎം കോടതി. വിഷയത്തില്‍ ഈ മാസം 16ന് വിശദീകരണം നല്‍കണമെന്ന് സിബിഐക്ക് കോടതി അന്ത്യശാസനം നല്‍കി.

വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സിബിഐ കോടതിയോട് ആവശ്യപ്പെട്ടത്. അതേസമയം സിബിഐയുടെ ഈ ആവശ്യം കോടതി തള്ളി. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നും അസ്വാഭാവികതയില്ലെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛന്‍ ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്.

ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സിബിഐ സംഘം കണ്ടെത്തിയത്. സി ബി ഐ 132 സാക്ഷി മൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

2018 സെപ്റ്റംബര്‍ 25നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.