ന്യൂഡല്‍ഹി: മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ഇന്ത്യയില്‍ ഇന്ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. ഉഭയകക്ഷി ബന്ധം ഉയര്‍ത്തുന്നതിന് വലിയ സംഭാവന നല്‍കിയ ആഗോള രാഷ്ട്രതന്ത്രജ്ഞനെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആബെയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റി.
ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തത്. ആബേയുടെ മരണത്തില്‍ അതീവ ദുഖമെന്നും മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹമെന്നും ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോഡി കുറിച്ചു.
ക്വാഡ്, ആസിയാന്‍ നേതൃത്വം നല്‍കുന്ന ഫോറങ്ങള്‍, ഇന്തോ പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവ്, ഏഷ്യ-ആഫ്രിക്ക ഗ്രോത്ത് കോറിഡോര്‍, കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെല്ലാം ആബെയുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.