അമരാവതി: വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തിലാണ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയത്.
ജഗനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആജീവനാന്ത പ്രസിഡന്റാകുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. സമീപകാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ ചില പ്രാദേശിക പാര്‍ട്ടികള്‍ ആജീവനാന്ത പ്രസിഡന്റിനെ നിയമിച്ചതില്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കിയതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം 2011ലാണ് ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നത്. അന്ന് മുതല്‍ ജഗന്‍ മോഹന്‍ പ്രസിഡന്റായും മാതാവ് വിജയമ്മ ഓണററി പ്രസിഡന്റായും തുടരുകയായിരുന്നു. 2017ലെ സമ്മേളനത്തിലാണ് അവസാനമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ജഗന്‍ മോഹന്‍ റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടത്.