തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ തുമ്പ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നില്‍ നിര്‍ത്തിയിരുന്ന കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ തച്ചങ്കരി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും വേണ്ടി സന്ദീപാനന്ദ ഗിരി തന്നെയാണ് ആശ്രമത്തിന് തീയിട്ടതെന്ന ആരോപണം ശക്തമായിരുന്നു. സിപിഎം അനുഭാവിയായ സന്ദീപാനന്ദ ഗിരിയുടെ അനധികൃത സമ്പാദ്യങ്ങള്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.