എഐഡിഎംകെയില്‍ നിന്ന് പനീര്‍ശെല്‍വത്തെ പുറത്താക്കിയെന്ന് പളനിസ്വാമി വിഭാഗം; ജയലളിതയുടെ പാര്‍ട്ടി പിളര്‍പ്പിലേക്ക്

എഐഡിഎംകെയില്‍ നിന്ന് പനീര്‍ശെല്‍വത്തെ പുറത്താക്കിയെന്ന് പളനിസ്വാമി വിഭാഗം; ജയലളിതയുടെ പാര്‍ട്ടി പിളര്‍പ്പിലേക്ക്

ചെന്നൈ: അണ്ണാ ഡിഎംകെയിലെ തമ്മിലടി പുതിയ തലത്തിലേക്ക്. മുന്‍ മുഖ്യമന്ത്രിയും ജയലളിതയും വിശ്വസ്തനുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു ഒപിഎസിനെ പുറത്താക്കിയെന്ന് പളനിസ്വാമി ഗ്രൂപ്പ് അറിയിച്ചു.

പനീര്‍ശെല്‍വത്തോട് ഒപ്പമുള്ളവരെയും പുറത്താക്കാന്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാല്‍ തന്നെ പുറത്താക്കാനുള്ള അവകാശം എടപ്പാടി പളനിസ്വാമിക്ക് ഇല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് നത്തം ആര്‍ വിശ്വനാഥന്‍ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും നീക്കിയത്. വലിയ കരഘോഷത്തോടെയാണ് ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്.

പനീര്‍ശെല്‍വം ഭരണകക്ഷിയായ ഡിഎംകെയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും ലക്ഷ്യത്തിനും വിരുദ്ധമായാണ് ഒപിഎസ് പ്രവര്‍ത്തിക്കുന്നതെന്നാണ് പളനിസ്വാമി ഗ്രൂപ്പിന്റെ വാദം.

എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് പനീര്‍സെല്‍വം വിഭാഗം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാവിലെ 9.15നു ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന യോഗത്തിന് 9 മണിക്കാണ് കോടതി അനുമതി നല്‍കിയത്. യോഗത്തിനു മുന്‍പു അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ഇരുവിഭാഗം പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.