ബഫര്‍ സോൺ വിഷയം; ഒരു കിലോമീറ്റർ സംരക്ഷിത വനമേഖലയാക്കുമെന്നത് സര്‍ക്കാര്‍ പുനപരിശോധിക്കും

ബഫര്‍ സോൺ വിഷയം; ഒരു കിലോമീറ്റർ സംരക്ഷിത വനമേഖലയാക്കുമെന്നത് സര്‍ക്കാര്‍ പുനപരിശോധിക്കും

തിരുവനന്തപുരം: വനാതിര്‍ത്തിയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കുമെന്ന മന്ത്രിസഭ യോഗ തീരുമാനം പുനപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുന്നത്. ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിലവിലെ സുപ്രീം കോടതി വിധി ക്ഷണിച്ചുവരുത്തിയതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

2019 ലെ മന്ത്രിസഭ യോഗത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ ഉത്തരവിറക്കുകയും നിലവിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുന്നത്.

മന്ത്രിസഭ തീരുമാനം സുപ്രീം കോടതിയിലെ പുനപരിശോധന ഹര്‍ജിയെയും സെന്റര്‍ എംപവേര്‍ഡ് കമ്മറ്റിക്കു നല്‍കുന്ന അപ്പീലിനെയും എതിരായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടി.ജെ വിനോദ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും.

അതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി. അമ്പൂരി, കള്ളിക്കാട് പഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിയ്ക്ക് നിവേദനം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.