ന്യൂഡല്‍ഹി: ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നീട്ടാൻ സര്‍വകലാശാലകളോട് നിർദ്ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാനാണ് സര്‍വകലാശാലകളോട് യുജിസി ആവശ്യപ്പെട്ടിരിക്കുന്നത്.
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ചില സര്‍വകലാശാലകള്‍ ഡിഗ്രി പ്രവേശന നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് യുജിസിയുടെ ഇടപെടല്‍. ചില സര്‍വകലാശാലകളില്‍ ഡിഗ്രി പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ട് സിബിഎസ്‌ഇ കഴിഞ്ഞയാഴ്ച യുജിസിയെ സമീപിച്ചിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു സിബിഎസ്‌ഇയുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവി മുന്നില്‍ കണ്ടാണ് പരീക്ഷാഫലം വരുന്ന മുറയ്ക്ക് ഡിഗ്രി പ്രവേശനത്തിനുള്ള സമയപരിധി നിശ്ചയിക്കാന്‍ സര്‍വകലാശാലകളോട് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ നിര്‍ദേശിച്ചത്.
അല്ലാത്തപക്ഷം വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ സീറ്റ് ലഭിക്കുന്നതിന് തടസം നേരിടുമെന്നാണ് ആക്ഷേപം ഉയരുന്നത്. ഇത് കണക്കിലെടുത്താണ് യുജിസിയുടെ ഇടപെടല്‍. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ മതിയായ സമയം ലഭിക്കത്തക്കവിധം നടപടികള്‍ സ്വീകരിക്കാനാണ് സര്‍വകലാശാലകളോട് യുജിസി ചെയര്‍മാന്‍ നിര്‍ദേശിച്ചത്.