ഔദ്യോഗിക വേഷങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിടി വീഴും; കടുത്ത നടപടിയുമായി കരസേന

ഔദ്യോഗിക വേഷങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിടി വീഴും; കടുത്ത നടപടിയുമായി കരസേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനകളുടെ ഔദ്യോഗിക വേഷങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നടപടിയുമായി കരസേന. പുതുതായി തയ്യാറാക്കിയ കാമോഫ്ലേഗ് വേഷങ്ങളാണ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നത്.

സേനകളുടെ യൂണിഫോം പൊതു വിപണിയില്‍ ലഭിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും നടക്കും. പ്രത്യേകിച്ച് കമാന്റോകളും മറ്റ് സുപ്രധാന സൈനിക വിഭാഗവും പ്രത്യേക പോരാട്ട സമയങ്ങളില്‍ ഉപയോഗിക്കുന്ന വേഷങ്ങള്‍ ദേശ വിരുദ്ധരുടെ കൈയില്‍ ലഭിക്കാതിരിക്കാനാണ് നടപടി. കരസേനയുടെ വേഷങ്ങള്‍ ധരിച്ച് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

കരസേനയുടെ പുതിയ വേഷങ്ങളില്‍ ആര്‍ക്കും അനുകരിക്കാനാവാത്ത ചില പ്രത്യേകതകളാണുള്ളത്. അനധികൃതമായി യൂണിഫോം ആര് നിര്‍മ്മിച്ചാലും വില്‍പ്പന നടത്തിയാലും ഇട്ടു നടന്നാലും പിടികൂടും. കഴിഞ്ഞ ജനുവരി 15നാണ് കരസേനാ ദിനത്തില്‍ പുതിയ വേഷങ്ങള്‍ പരിചയപ്പെടുത്തിയത്.

വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കരസേനയിലെ എല്ലാവരിലേയ്ക്കും പുതിയ യൂണിഫോം എത്തിക്കാനാണ് തീരുമാനം. നിലവില്‍ പോരാളികളുടെ വിഭാഗത്തിനായി ഉപയോഗിക്കുന്ന കാമോഫ്ലേഗ് വേഷങ്ങള്‍ സേനയുടെ കേന്ദ്ര ഓഫീസുകള്‍ വഴിയും കാന്റീന്‍ സ്റ്റോര്‍ വിഭാഗത്തിലും മാത്രമേ ലഭിക്കുകയുള്ളു. വാങ്ങുന്നവരുടെ പൂര്‍ണ്ണ വിവരവും സേനയുടെ പക്കലുണ്ടായിരിക്കും. മറ്റൊരു സ്ഥലത്തും യൂണിഫോമുകള്‍ നിര്‍മ്മിക്കാന്‍ അനുവാദമില്ലെന്നും കരസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.