ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ ഇന്ന്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ എന്നിവര്‍ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
വിദേശ പര്യടനത്തിലായതിനാൽ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് സൂചന.
സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാവും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലൈ 21ന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്നത്. ഇതിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും ചര്‍ച്ചയാവും.