കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനായി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും ഇതിനായി മൂന്നാഴ്ച കൂടി സമയം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് ഫലം ഇന്നലെ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്നും ഇതില്‍ രണ്ടു തവണ രാത്രിയിലാണ് പരിശോധന നടന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോടതി സമയം അല്ലാത്തപ്പോള്‍ രണ്ടു തവണ കാര്‍ഡ് പരിശോധിച്ചതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. 2017 ഫെബ്രുവരി 17നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഈ മെമ്മറി കാര്‍ഡ് തൊട്ടടുത്ത ദിവസം രാവിലെ 9.13ന് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഷഓമി ഫോണില്‍ തുറന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മെമ്മറി കാര്‍ഡ് അന്വേഷണ സംഘത്തിന്റെ കൈവശമെത്തിയതിന് ശേഷം അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കും പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കും കൈമാറിയിരുന്നു.