സംസ്ഥാനത്ത് ഇന്നും കനത്ത മഴ: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല. നാളെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതേസമയം, കോഴിക്കോട് ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.