പട്ന: ബീഹാറിന്റെ തലസ്ഥാനമായ പട്നയില്‍ തീവ്രവാദ കേന്ദ്രം തകര്‍ത്ത് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് അറിയിച്ചു.
പട്‌നയിലെ ഫുല്‍വാരി ഷെരീഫ് പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വിവരം ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ റെയിഡിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അതാര്‍ പര്‍വേസ്, എം.ഡി ജലാലുദ്ദീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഫുല്‍വാരിയില്‍ ഇവര്‍ പരിശീലനം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മോഡിയെ ലക്ഷ്യം വച്ച് ജൂലായ് ആറിനും ഏഴിനും ഇവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. '2047ഓടെ ഇന്ത്യയെ ഇസ്ലാമിക് രാഷ്ട്രമായി മാറ്റണം' എന്നത് സംബന്ധിച്ച ചില രേഖകളും പിഎഫ്‌ഐയുടെ 25 ലഘുലേഖകളും റെയിഡില്‍ പൊലീസ് കണ്ടെടുത്തു.
തീവ്രവാദ പരിശീലനങ്ങള്‍ക്കായി കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ പ്രദേശത്ത് എത്തുന്നതായി അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ യുവാക്കള്‍ക്ക് പാകിസ്ഥാന്‍, ബംഗ്ളാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.