എം.ടിക്ക് ഇന്ന് നവതി; ആഘോഷം ഷൂട്ടിങ് ലൊക്കേഷനില്‍

 എം.ടിക്ക് ഇന്ന് നവതി; ആഘോഷം ഷൂട്ടിങ് ലൊക്കേഷനില്‍

കോഴിക്കോട്: മലയാളിയുടെ മനസില്‍ തങ്ക ലിപികളില്‍ കുറിച്ചിട്ട എം.ടി എന്ന രണ്ടക്ഷരത്തിന് ഇന്ന് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. നവതി വര്‍ഷത്തില്‍ തന്റെ പത്ത് കഥകള്‍ സിനിമയാകുന്നതിന്റ സന്തോഷത്തിലാണ് എം.ടി. അതിലൊന്നിന്റ ലോക്കേഷനിലാണ് ഇന്നത്തെ പിറന്നാള്‍ ആഘോഷവും.

തന്റെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ 1970ല്‍ സംവിധാനം ചെയ്ത ഓളവും തീരവും വീണ്ടും പുനര്‍ജനിക്കുന്നതിന്റ സന്തോഷത്തിലാണ് പിറന്നാള്‍ ദിനത്തില്‍ എം.ടി. പി.എന്‍ മേനോന്റ സ്ഥാനത്ത് പ്രിയദര്‍ശനും മധുവിന്റ സ്ഥാനത്ത് മോഹന്‍ലാലും ആണെന്ന് മാത്രം. എം.ടിയുടെ സ്ഥാനത്ത് എം.ടി തന്നെയും.

ആരോഗ്യം അത്ര അനുവദിക്കാതിരുന്നിട്ടും കോഴിക്കോട് നിന്ന് യാത്ര ചെയ്ത് എം.ടി ചിത്രീകരണം നടക്കുന്ന തൊടുപുഴയിലെ സെറ്റിലെത്തി. പിറന്നാള്‍ ആഘോഷം പതിവുള്ളതല്ല. പക്ഷെ ചലച്ചിത്ര ലോകത്തെ തലമുറകള്‍ക്കൊപ്പം ലോക്കേഷനില്‍ ഒത്തു ചേരുമ്പോള്‍ എം.ടിക്ക് പതിവു തെറ്റിക്കേണ്ടി വന്നേക്കാം.

തന്റെ പത്തുകഥകള്‍ ഒന്നിച്ച് സിനിമയാകുന്നു എന്നതും നവതി വര്‍ഷത്തില്‍ അദ്ദേഹത്തിന് ഇരട്ടി സന്തോഷം നല്‍കുന്നു. അതിലൊന്ന് സംവിധാനം ചെയ്യുന്നതാകട്ടെ മകള്‍ അശ്വതിയും. നാള്‍ പ്രകാരം കര്‍ക്കിടകത്തിലെ ഉതൃട്ടാതിയിലാണ് പിറന്നാള്‍. ഇരുപത്തിയൊന്നാം വയസില്‍ ലോകകഥാ മല്‍സരത്തില്‍ സമ്മാനം ലഭിച്ച കഥാകാരന്റ സര്‍ഗ ജീവിതത്തിന്റ എഴുപത്തിയഞ്ചാം വര്‍ഷം കൂടിയാണിത്.

കാലത്തെ അതിജീവിച്ച ഓരോ രചനകളും ഏത് തലമുറയ്ക്കും രുചിക്കുമെന്ന് ഉറപ്പാണ്. കാരണം ആത്മനൊമ്പരങ്ങളെ അതേ തീവ്രതയോടെ പകര്‍ത്തിവച്ച ആ അക്ഷരക്കൂട്ടിന് അത്ര ശക്തിയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.