'ശരിക്കും അത് പറയാന്‍ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്'; സ്പീക്കറുടെ ചെയറിലിരുന്ന ഇ.കെ വിജയന്റെ സംഭാഷണം പുറത്ത്

'ശരിക്കും അത് പറയാന്‍ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്'; സ്പീക്കറുടെ ചെയറിലിരുന്ന ഇ.കെ വിജയന്റെ സംഭാഷണം പുറത്ത്

തിരുവന്തപുരം: വടകര എംഎല്‍എ കെ.കെ രമയെക്കുറിച്ച് എം.എം മണി നിയമസഭയില്‍ നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ.കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സിപിഐ എംഎല്‍എ കൂടിയായ ഇ.കെ വിജയന്‍ ഇക്കാര്യം പറഞ്ഞത്.

മണിയുടെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ നായരെ അടുത്തേക്ക് വിളിച്ച് ഇ.കെ വിജയന്‍ കാര്യങ്ങള്‍ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.

ഒരു മിനിറ്റ് എന്നു പറഞ്ഞിട്ടാണ് പ്രൈവറ്റ് സെക്രട്ടറിയെ ഇ.കെ വിജയന്‍ അടുത്തേക്ക് വിളിക്കുന്നത്. 'ശരിക്കും പറഞ്ഞാല്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്. എന്താ ചെയ്യേണ്ടത്. സ്പീക്കര്‍ വരുമോ' എന്ന് അദ്ദേഹം ചോദിക്കുന്നതും വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം.

സ്പീക്കര്‍ വരുമെന്നും പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരോട് സീറ്റിലേക്ക് പോകാന്‍ പറയണമെന്നും പ്രൈവറ്റ് സെക്രട്ടറി ഇ.കെ വിജയനോട് പറയുന്നതും വിഡോയോയില്‍ കേള്‍ക്കാം. ഇതിനു ശേഷമാണ് സ്പീക്കര്‍ എം.ബി രാജേഷ് ചെയറിലേക്കെത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.