ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.

പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തൃണമൂലിന്റ പിന്തുണയും മാര്‍ഗരറ്റ് ആല്‍വയ്ക്കുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു.

എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന മാര്‍ഗരറ്റ് ആല്‍വ രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പാര്‍ലമെന്ററികാര്യം, യുവജന-കായിക-വനിതാ-ശിശു ക്ഷേമം,മാനവ വിഭവശേഷി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മുന്‍ രാജ്യസഭാ സ്പീക്കര്‍ വയലെറ്റ് ആല്‍വയുടെ മരുമകള്‍ കൂടിയാണ് മാര്‍ഗരറ്റ്.

കഴിഞ്ഞ ദിവസം എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുകയായിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍, ആര്‍ജെഡി, എസ്പി, ഇടതുപക്ഷപാര്‍ട്ടികള്‍, എന്‍സിപി അടക്കം 17 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

കര്‍ണാടക സ്വദേശിയായ മാര്‍ഗരറ്റ് ആല്‍വ, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.