വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ട് ആഴ്ചയും യാത്രാ വിലക്ക്

 വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ട് ആഴ്ചയും യാത്രാ വിലക്ക്

ന്യൂഡല്‍ഹി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. ഈ മാസം 16 മുതലാണ് യാത്രാ വിലക്ക്. ഇതു സംബന്ധിച്ച ഇ മെയില്‍ സന്ദേശം ലഭിച്ചുവെന്ന് ഫര്‍സീന്‍ പറഞ്ഞു. സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്വാന അധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

സമിതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാസം പതിമൂന്നിനാണ് കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാനെത്തിയവരെ ഇ.പി ജയരാജന്‍ വിമാനത്തില്‍ വച്ച് തള്ളുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.