കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പേര് കെ റോഡ് എന്നാക്കി മാറ്റണോയെന്നും കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത് അനുവദിക്കാനാവില്ല. മികച്ച റോഡുകള്‍ എന്നത് പൊതുജനത്തിന്റെ അവകാശമാണെന്നും കോടതി പറഞ്ഞു. മോശം അവസ്ഥയിലായ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസ് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റോഡ് പണിയ്ക്ക് നേതൃത്വം നല്‍കുന്ന എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സംഭവത്തില്‍ ഒരു വര്‍ഷം കൊണ്ടു തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.