നികുതി അടച്ചില്ല; ജയരാജനെ വിലക്കിയതിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

നികുതി അടച്ചില്ല; ജയരാജനെ വിലക്കിയതിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയെന്ന് കാരണം കാണിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. ആറ് മാസത്തെ നികുതി കുടിശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം ഫറൂക്ക് ജോയിന്റ് ആര്‍ടിഒ ഉള്‍പ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. പണം അടച്ചാല്‍ ബസ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്നലെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് ഇൻഡിഗോ എയർലൈൻ മൂന്ന് ആഴ്ചത്തേക്ക് വിലക്കി ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടി സ്വീകരിച്ചിരുന്നു. ജയരാജനെ വിലക്കിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോള്‍ നടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.