തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇ.പി ജയരാജനെതിരേ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകള്‍ സഹിതം ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയുമാണ് കേസ്. വധശ്രമം, മനപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ. നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഈ സംഭവത്തില്‍ വധശ്രമ കേസ് ചുമത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടു. പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ.പി ജയരാന് മൂന്നാഴ്ചത്തെ വിമാനവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു.