കൊല്ലം: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകിട്ടാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രിജി കുര്യന്‍ മാര്‍ത്തോമ കോളേജിലെ എം സി എ ഡിപ്പാര്‍ട്ട്‌മെന്റിലെ എച്ച് ഒ ഡിയാണ്. കേസില്‍ കോളജ് ജീവനക്കാരും ആയൂര്‍ സ്വദേശികളുമായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരും മഞ്ഞപ്പാറ സ്വദേശികളുമായ ഗീതു, ജോത്സന ജോബി, ബീന എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ചാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയതോടെയാണ് പ്രിജി കുര്യനെയും ഷംനാദിനെയും കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ അത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് വനിതാ ജീവനക്കാര്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.