പിതാവ് തനിക്കൊപ്പം അല്ലെങ്കിലും പരിപാലിക്കാനുള്ള ഉത്തരവാദിത്വം മകനുണ്ട്; നിര്‍ണായക ഉത്തരവുമായി ബോംബെ ഹൈക്കോടതി

 പിതാവ് തനിക്കൊപ്പം അല്ലെങ്കിലും പരിപാലിക്കാനുള്ള ഉത്തരവാദിത്വം മകനുണ്ട്; നിര്‍ണായക ഉത്തരവുമായി ബോംബെ ഹൈക്കോടതി

മുംബൈ: വൃദ്ധനായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മകന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മകനോടൊപ്പം ജീവിച്ചാല്‍ മാത്രമെ പിതാവിന് ജീവനാംശം നല്‍കൂ എന്ന വ്യവസ്ഥ വെയ്ക്കാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മകന്‍ ഹരിഭാവു ബേഡ്കെയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് പിതാവ് ജഗന്നാഥ് ബേഡ്കെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിഭ കങ്കന്‍വാടിയാണ് വിധി പുറപ്പെടുവിച്ചത്. 3000 രൂപ പ്രതിമാസം പിതാവിന് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അച്ഛനെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് മകന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. അമ്മ താമസിക്കുന്നത് പോലെ അച്ഛനും തന്നോടൊപ്പം വന്ന് നില്‍ക്കണമെന്ന് മകന്‍ നിബന്ധന വെച്ചിരുന്നു. മകന് അങ്ങനെയൊരു വ്യവസ്ഥ വെക്കാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് വിഭ കങ്കന്‍വാടി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

അച്ഛനും അമ്മയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അമ്മ തനിക്കൊപ്പവും പിതാവ് വേര്‍പിരിഞ്ഞുമാണ് താമസിക്കുന്നതെന്ന് മകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മകന്‍ പരിഗണിക്കേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കുകയായിരുന്നു.

മാത്രമല്ല 73 വയസിന് മുകളില്‍ പ്രായമുള്ള പിതാവ് 20 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്താണ് ജീവിക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.