ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ നല്‍കിയ രഹസ്യമൊഴി സുപ്രീംകോടതിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് ഇഡി.
ജൂണ്‍ 6, 7 തീയതികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത്. കേസിന്റെ തുടര്‍വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയില്‍ നിന്നു ബെംഗളൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് ഇഡി സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നാലാം പ്രതിയുമായ എം. ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ മൊഴി പരസ്യമാക്കില്ല. മുദ്രവച്ച കവറിലാകും മൊഴി കോടതിയില്‍ സമര്‍പ്പിക്കുക. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.