കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ചതിൽ അതിജീവിതയ്ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
വിചാരണക്കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്നും കോടതി ചോദിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ കർശന നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു.
എന്നാൽ പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
അന്വേഷണസംഘം വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോര്‍ത്തുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകയോട് കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത മറുപടി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം.
അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് അതിജീവിത കോടതിയെ അറിയിച്ചു.