ഇന്ത്യ കണ്ട ഏറ്റവും വലിയ തത്വചിന്തകൻ: ഡോ. എസ്. രാധാകൃഷ്ണൻ

ഇന്ത്യ കണ്ട ഏറ്റവും വലിയ തത്വചിന്തകൻ: ഡോ. എസ്. രാധാകൃഷ്ണൻ

ഭാരതത്തിന്റെ രാഷ്ട്രപതിമാർ: പരമ്പര - 2

ഇന്ത്യയ്ക്ക് ഡോ. രാജേന്ദ്ര പ്രസാദിന് ശേഷം രണ്ടാമത്തെ രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന പേരായിരുന്നു ഡോ. സാര്‍വേപള്ളി രാധാകൃഷ്ണന്റേത്. പാര്‍ട്ടി ഭേദമന്യേ എല്ലാവരിലും മതിപ്പുളവാക്കിയ രീതിയില്‍ 1952 മുതല്‍ ഉപരാഷ്ട്രപതി പദത്തില്‍ രാജ്യസഭയെ നയിച്ചു എന്നതാണ് അതിന്റെ മുഖ്യകാരണം.

അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം സഭയില്‍ ആ വാക്കുകള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. അങ്ങനെ വലിയ ബഹളങ്ങളില്ലാതെ തന്നെ സഭയെ 10 വര്‍ഷകാലത്തോളം നയിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹം സ്ഥാനാര്‍ഥിയായതോടെ എതിര്‍ സ്ഥാനാര്‍ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചില്ല. എങ്കിലും ചൗധരി ഹരിറാം അടക്കം രണ്ട് സ്വതന്ത്രർ മത്സര രംഗത്തുണ്ടായിരുന്നു.

എസ്. രാധാകൃഷ്ണന് 5,53,067 വോട്ട് നേടിയപ്പോള്‍ മൂന്നാം തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായെത്തിയ ചൗധരി ഹരിറാം 6,341 വോട്ട് നേടി. മൂന്നാം സ്ഥാനത്ത് യമുന പ്രസാദ് ത്രിശ്‌ലിയ 353 വോട്ട്. എം.പി വോട്ടിന്റെ മൂല്യം 493 ആയിരുന്നു. മെയ് ഏഴിന് നടന്ന മല്‍സരത്തിന്റെ ഫലം 11 നാണ് പ്രഖ്യാപിച്ചത്.

1962 മെയ് മുതല്‍ 1967 മെയ് വരെ അദ്ദേഹം രാഷ്ട്രപതി സ്ഥാനം വഹിച്ചു. നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ പ്രധാന മന്ത്രിമാരുടെ വിയോഗവും ഇന്ദിരാഗാന്ധിയുടെ സത്യപ്രതിജ്ഞയും രാധാകൃഷ്ണന്‍ രാഷ്ട്രപതി പദവിയിലിരിക്കവെ ആയിരുന്നു. രണ്ടാം രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്ത് നെഹ്‌റു രാജേന്ദ്ര പ്രസാദിന് പകരം കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയും രാധാകൃഷ്ണനായിരുന്നു. രാജേന്ദ്ര പ്രസാദ് തന്നെ സ്ഥാനാര്‍ഥിയായതോടെ രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദം ഒഴിയാന്‍ ശ്രമിച്ചിരുന്നെന്നും പിന്നീട് നെഹ്‌റുവിന്റെ നിര്‍ബന്ധപ്രകാരമാണ് തുടര്‍ന്നതെന്നും പറയുന്നു.

രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായിരുന്ന ഘട്ടത്തിലാണ് ആസൂത്രണം, പഞ്ചവല്‍സര പദ്ധതി, പൊതു മേഖല, സോഷ്യലിസ്റ്റ് പാറ്റേണ്‍ ഓഫ് സൊസൈറ്റി തുടങ്ങിയവ രൂപം കൊണ്ടത്. ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തിയാണ് ഡോ. സാര്‍വേപള്ളി രാധാകൃഷ്ണന്‍. തത്വശാസ്ത്രജ്ഞരുടെ രാജാവ് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി വിശേഷിപ്പിച്ച ദാര്‍ശനിക പ്രതിഭ, ബ്രിട്ടന്‍ സന്ദര്‍ശിച്ച ആദ്യത്തെ രാഷ്ട്രപതി, 1962 കാലത്തിലെ ചൈനീസ് അധിനിവേശ സമയത്ത് ഇന്ത്യയിലാദ്യമായി താൽക്കാലികമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രഥമ പൗരന്‍, ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി, രണ്ട് തവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി, രാജ്യസഭയുടെ പ്രഥമാധ്യക്ഷന്‍ എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്.

1952-62 ലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതി പദത്തിലെത്തിയത്. അധ്യാപകന്‍, കവി ഭരണാധികാരി എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ഡോ. എസ്. രാധാകൃഷ്ണന്‍ രണ്ടാം വിവേകാനന്ദന്‍ എന്നാണ് അറിയപ്പെട്ടത്. 1888 സെപ്റ്റംബര്‍ അഞ്ചാം തിയ്യതി ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തില്‍ ജനിച്ചു. രാജ്യം ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ആണ്.

ഒരു പ്രഗല്‍ഭനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളമുള്ള തന്റെ പഠനത്തില്‍ വിവിധ സ്കോളർഷിപ്പുകൾ നേടി. വെല്ലൂരിലും മദ്രാസിലുമായിരുന്നു വിദ്യാഭ്യാസം. മദ്രാസിലെ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ഡോ. രാധാകൃഷ്ണൻ ഫിലോസഫി പഠിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്ത്വചിന്തകരിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.

ബിരുദം പൂർത്തിയാക്കിയ ശേഷം 1909 ൽ അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളജിൽ തത്ത്വചിന്തയുടെ (ഫിലോസഫി) പ്രൊഫസറായി. തുടർന്ന് മൈസൂർ സർവകലാശാലയിൽ തത്ത്വചിന്ത പ്രൊഫസറായി. പിന്നീട് കല്‍ക്കത്ത സര്‍വകലാശാലയിലും ഓക്‌സ്‌ഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ കോളജിലും പ്രൊഫസറായി. ആന്ധ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1936 ല്‍ ഓക്‌സ്‌ഫോര്‍ഡിലെ പൗരസ്ത്യ പഠനങ്ങള്‍ക്കുള്ള സ്പാള്‍ഡിങ് പ്രൊഫസര്‍ ആയിരുന്നു. 1931-36 കാലയളവില്‍ ലീഗ് ഓഫ് നേഷന്‍സിന്റെ ബൗദ്ധിക സഹകരണ സമിതി അംഗം, ബനാറസ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍, ഇന്ത്യന്‍ സര്‍വകലാശാല കമ്മീഷന്റെയും തുടര്‍ന്ന് യുനെസ്‌കോയുടേയും ചെയര്‍മാന്‍, 1942-52 ല്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ സ്ഥാനപതി എന്നീ പദവികളും അലങ്കരിച്ചു.

മുപ്പതിലേറെ സര്‍വകലാശാലകള്‍ ഒണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന് 1954 ല്‍ രാജ്യം ഭാരത രത്‌നയും നല്‍കി. രവീന്ദ്രനാഥ ടാഗോറിന്റെ തത്ത്വചിന്തകള്‍, സമകാലിക തത്ത്വചിന്തയില്‍ മതത്തിന്റെ സ്വാധീനം, ഒരു ഹിന്ദുവിന്റെ ജീവിത വീക്ഷണം, ജീവിതത്തിന്റെ ആദർശപരമായ കാഴ്ചപ്പാട്, കൽക്കി അല്ലെങ്കിൽ നാഗരികതയുടെ ഭാവി, നമുക്ക് ആവശ്യമുള്ള മതം, ഗൗതമ ബുദ്ധൻ, ഇന്ത്യയും ചൈനയും, തുടങ്ങിയ മുപ്പതില്‍പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഡോ. എസ്. രാധാകൃഷ്ണന്‍. 1971 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോര്‍ ആണ് ഇന്ത്യന്‍ തത്വശാസ്ത്രത്തിന് ലോകഭൂപടത്തില്‍ വലിയ സ്ഥാനം നേടിക്കൊടുത്തത്.

തുടരും ….

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യഭാഗം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.