ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി; ഡോ. രാജേന്ദ്ര പ്രസാദ്

ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി; ഡോ. രാജേന്ദ്ര പ്രസാദ്

ഭാരതത്തിന്റെ രാഷ്ട്രപതിമാർ : പരമ്പര - 1

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെടുമ്പോൾ രാജ്യത്തിന് സമ്പന്നമായ ചരിത്രമുണ്ട്. പ്രഥമ രാഷ്‌ട്രപതി മുതൽ എല്ലാ രാഷ്ട്രപതിമാരെയും ഈ പരമ്പരയിലൂടെ വീണ്ടും പരിചയപ്പെടുത്തുന്നു.

​1950 മെയ് രണ്ടിനാണ് രാഷ്ട്രത്തിന്റെ പ്രഥമ രാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടന്നത്. രാജേന്ദ്ര പ്രസാദായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. അദ്ദേഹത്തിനെതിരെ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. എങ്കിലും നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ പ്രധാനി ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പേരെടുത്ത കെ.ടി.ഷാ ആയിരുന്നു.

ബിഹാറില്‍ നിന്നുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമായ ഷാ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ വലിയ സംഭാവന നല്‍കുകയും മൗലികാവകാശങ്ങള്‍ക്കായുള്ള ഉപദേശക സമിതിയിലും ഉപസമിതിയിലും അംഗമാവുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് ഇടത് പാര്‍ട്ടി അനൗദ്യോഗിക പിന്തുണ നല്‍കിയിരുന്നെന്നും പറയപ്പെടുന്നു.

അഞ്ച് സ്ഥാനാര്‍ഥികളുമായി നടന്ന വോട്ടെടുപ്പിന്റെ ഫലം വന്നതാകട്ടെ നാല് ദിവസം കഴിഞ്ഞ് മെയ് ആറിനാണ്. 4056 പേരാണ് അന്ന് വോട്ട് ചെയ്തത്. അന്നത്തെ എം.പി വോട്ടിന്റെ മൂല്യം 494. മൊത്തം 605386 വോട്ടുകളില്‍ 5,07,400 വോട്ടുകളാണ് രാജേന്ദ്ര പ്രസാദിന് ലഭിച്ചത്. 92,827 വോട്ട് ഷാ നേടി. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ ലക്ഷ്മണ്‍ ഗണേഷ് തട്ടേ 2,672 വോട്ടും ചൗധരി ഹരി റാം 1954 വോട്ടും കൊല്‍ക്കത്ത സ്വദേശി കൃഷ്ണ കുമാര്‍ ചാറ്റര്‍ജി 533 വോട്ടുമാണ് നേടിയത്. ഇതില്‍ റോഹ്തക്കില്‍ നിന്നുള്ള ചൗധരി ഹരി റാമാണ് ഏറ്റവും കൂടുതല്‍ തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്.

ആദ്യത്തെ അഞ്ച് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. രണ്ടു തവണ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുള്ള ഹരി റാം 1923 ല്‍ രൂപീകരിച്ച ജമീന്ദാര്‍ പാര്‍ട്ടിയുടെ സ്ഥാപകനാണ്. ലക്ഷ്മണ്‍ ഗണേഷ് താട്ടെ ഹിന്ദു മഹാസഭയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു. ഡോ. രാജേന്ദ്ര പ്രസാദ് വിജയിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പും പ്രധാനമാണെന്ന് സ്വതന്ത്രർ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തെളിയിച്ച അവസരം കൂടിയാണിത്. ഡോ. രാജേന്ദ്ര പ്രസാദ് രണ്ട് തവണകളിലായി (1950 ജനുവരി മുതല്‍ 1962 മെയ് വരെ) 12 വര്‍ഷത്തോളം പദവിയിലിരുന്നു.

രണ്ടാമത്തെ തിരഞ്ഞെടുപ്പ് 1957 മെയ് ആറിനാണ് നടന്നത്. പദവിയില്‍ തുടരാനുള്ള ആഗ്രഹമുണ്ടെന്ന് രാജേന്ദ്ര പ്രസാദ് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്നത്തെ പ്രസിഡന്റ് യു.എന്‍ ധേബാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജേന്ദ്ര പ്രസാദിന് വീണ്ടും ചുമതല നല്‍കുന്നതിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനോട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് താല്‍പര്യമില്ലായിരുന്നുവത്രേ.

വിവാഹം, സ്വത്തവകാശം, വനിതാ അവകാശം തുടങ്ങിയവ പ്രതിപാദിച്ച ഹിന്ദു കോഡ് ബില്‍ പോലെയുള്ള കാര്യങ്ങളില്‍ തികച്ചും യാഥാസ്ഥിതികമായ നിലപാടെടുത്ത രാജേന്ദ്ര പ്രസാദിനെ നെഹ്റു ഇഷ്ടപ്പെടാതിരിക്കുക സ്വാഭാവികമാണല്ലോ. പിന്നീട് മൗലാനാ അബുല്‍ കലാമുമായി കൂടിയാലോചിച്ച ശേഷം മനസില്ലാ മനസോടെ നെഹ്റുവും എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. രാജേന്ദ്ര പ്രസാദിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ടേം പോലെ ഒരു പാര്‍ട്ടിയും അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ മത്സരിച്ചത്. ഒരാള്‍ ഹരിയാനയില്‍ നിന്നുള്ള ജനകീയ കര്‍ഷക നേതാവായിരുന്ന ചൗധരി ഹരി റാം, മറ്റേയാള്‍ നാഗേന്ദ്ര നാരായണ്‍ ദാസ്. ആദ്യത്തെ നാല് കാലാവധിയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പും നടന്നത് മെയ് മാസത്തിലായിരുന്നു. ശേഷമത് ജൂലൈ മാസത്തിലേക്ക് മാറി.

ഇത്തവണയും ഫലം അറിയുന്നത് നാല് ദിവസം കഴിഞ്ഞ് മെയ് പത്തിനായിരുന്നു. സാധുവായ വോട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം (99.24) നേടിയാണ് 1957 ല്‍ രാജേന്ദ്ര പ്രസാദ് വിജയിച്ചതെന്ന പ്രത്യേകതയുമുണ്ട്. രണ്ട് തവണ രാഷ്ട്രപതിയായ ഏക വ്യക്തി, ഭാരത രത്‌നം നേടിയ ആദ്യ രാഷ്ട്രപതി, ബീഹാര്‍ ഗാന്ധി എന്നീ വിശേഷണങ്ങള്‍ക്കുടമയാണ് ഡോ. രാജേന്ദ്ര പ്രസാദ്.

സ്വതന്ത്യസമര സേനാനിയും മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു. ഇന്ത്യ ഭരണഘടനക്ക് രൂപം നല്‍കിയ ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായിരുന്ന അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി ദേശീയ പതാക തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു. 1961ല്‍ ഇന്ത്യയിലെ പ്രഥമ പാര്‍ലമെന്റ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടിയതും അദ്ദേഹമാണ്. കേരള നിയമസഭയില്‍ ആദ്യമായി അനാച്ഛാദനം ചെയ്യപ്പെട്ട രാഷ്ട്രപതി ചിത്രവും രാജേന്ദ്ര പ്രസാദിന്റെതാണ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ കൃഷി, ഭക്ഷ്യവകുപ്പ് ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. ബാപ്പുവിന്റെ പാദങ്ങളില്‍, വിഭക്ത ഭാരതം, ചമ്പാരനിലെ ഗാന്ധിജി, ആത്മകഥ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍. ബീഹാറിലെ പാട്‌നയ്ക്കടുത്തുള്ള സിവാന്‍ ജില്ലയിലെ സെരാദേയിയിലാണ് രാജേന്ദ്ര പ്രസാദിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്.

എം.എ പാസായ ശേഷം മുസഫര്‍പുർ ഗ്രിയര്‍ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് നിയമ ബിരുദം സമ്പാദിക്കുകയും കല്‍ക്കത്ത ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 1915 ല്‍ എം.എല്‍ പരീക്ഷ കൂടി പാസായ ശേഷം പട്ന ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടര്‍ന്നു. പേരെടുത്ത അഭിഭാഷകനായിരിക്കെ നിയമനിഷേധ പ്രസ്ഥാനത്തിലും നിസഹകരണ പ്രസ്ഥാനത്തിലും ഊര്‍ജസ്വലനായി പങ്കെടുത്തു. അതോടെ എന്നെന്നേക്കുമായി വക്കീല്‍ പണി ഉപേക്ഷിക്കുകയും ബീഹാര്‍ വിദ്യാപീഠം സ്ഥാപിക്കുകയും ചെയ്തു.

1917 ലെ ചമ്പാരന്‍ സത്യാഗ്രഹകാലത്താണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെട്ടത്. ഉപ്പുസത്യാഗ്രഹം (1930), വിദേശവസ്ത്ര ബഹിഷ്‌കരണം, മദ്യനിരോധന പ്രചരണം തുടങ്ങിയ ഗാന്ധിയന്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.1942 ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് ബങ്കിംപൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. അവിടെ വച്ച് രചിച്ച അവിഭക്ത ഭാരതം 1946 ല്‍ പ്രസിദ്ധപ്പെടുത്തി.

ബോംബെയില്‍ 1934 ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സുഭാഷ് ചന്ദ്രബോസ് രാജിവെച്ചതിനെ തുടര്‍ന്ന് 1939 ലും പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയിലെത്തിയിരുന്നു. തൂലികയിലൂടെയും സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്ന രാജേന്ദ്ര പ്രസാദ് ആരംഭിച്ചതാണ് ദേശ് എന്ന ഹിന്ദി വാരിക. രാഷ്ട്രപതി പദവി ഒഴിഞ്ഞ ശേഷം പട്‌നയിലെ സദാഖത്ത് ആശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം 1963 ല്‍ അന്തരിച്ചു.

​തുടരും ..​..


റൈസീനാ കുന്നിൽ വീണ്ടും വളകിലുക്കം; ദ്രൗപതി ഇനി രാഷ്‌ട്രപതി

ഇന്ത്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുന്നതെങ്ങനെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.