'സമുദായ സൗഹാര്‍ദ്ദം നിലനില്‍ക്കട്ടെ'; ഹിജാബ് വിവാദം തീര്‍പ്പാക്കി ഹൈക്കോടതി: തനിക്ക് ലഭിച്ചതും കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് വി.ജി അരുണ്‍

'സമുദായ സൗഹാര്‍ദ്ദം നിലനില്‍ക്കട്ടെ'; ഹിജാബ് വിവാദം തീര്‍പ്പാക്കി ഹൈക്കോടതി: തനിക്ക് ലഭിച്ചതും കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് വി.ജി അരുണ്‍

തന്റെ എല്ലാ സ്‌കൂള്‍ ദിവസവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് ആരംഭിച്ചതെന്നും ജസ്റ്റിസ് വി.ജി അരുണ്‍.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിലെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്ന് പിതാവ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി അരുണ്‍ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.

സര്‍ക്കാരും സ്‌കൂള്‍ അധികൃതരും നടപടികള്‍ അവസാനിപ്പിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാര്‍ദ്ദം നിലനില്‍ക്കട്ടേയെന്നും കോടതി പറഞ്ഞു.

സ്‌കൂള്‍ പിന്തുടരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന മുസ്ലീം വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിച്ചെത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. ഏകീകൃത യൂണീഫോം ഉള്ളപ്പോള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്‌കൂള്‍.

ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് സ്‌കൂള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുട്ടിയ്ക്ക് സ്‌കൂളില്‍ തുടരാനാകില്ലെന്നും അതിനാല്‍ മറ്റൊരു സ്‌കൂളിലേയ്ക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു.

ഹിജാബ് വിഷയത്തില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ദിവസങ്ങളായി ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും സന്യസ്തര്‍ക്കുമെതിരെ വ്യാപകമായ അപവാദ, വിദ്വേഷ പ്രചാരണങ്ങള്‍ നടന്നു വരികയായിരുന്നു.

സംഭവത്തില്‍ സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്തിമ വിധി വരുന്നത് വരെ സ്‌കൂളിന് എതിരെ നടപടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. സിബിഎസ്ഇ സ്‌കൂളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരം സാധ്യമാണോ എന്നും കോടതി ചോദിച്ചിരുന്നു.

തുടര്‍ന്ന് ഇന്ന് നടന്ന വാദത്തിലാണ് പരാതിക്കാരിയായ വിദ്യാര്‍ഥിനി സ്‌കൂളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി മുന്‍പാകെ അഭിഭാഷകന്‍ അറിയിച്ചത്. സ്‌കൂളിനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.

ഇതോടെ മറ്റ് വാദങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തില്‍ റിട്ട് ഹര്‍ജി അവസാനിപ്പിക്കുകയായിരുന്നു. വാദത്തിനിടയില്‍, തനിക്ക് ലഭിച്ചതും കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാഭ്യാസമാണെന്നും സിസ്റ്റര്‍മാരുടെ സേവനങ്ങള്‍ തനിക്ക് മനസിലാകുമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ പറഞ്ഞു.

സിസ്റ്റര്‍മാര്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി തോന്നണമെന്നില്ല. അത് വിദ്യാര്‍ഥിനിയുടെ സ്വന്തം ഇഷ്ടപ്രകാരം സ്‌കൂള്‍ വിട്ടുപോകുന്നത് ആയി രേഖപ്പെടുത്താമെന്നും അദേഹം പറഞ്ഞു. തന്റെ എല്ലാ സ്‌കൂള്‍ ദിവസവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് ആരംഭിച്ചതെന്നും ജസ്റ്റിസ് വി.ജി അരുണ്‍ പറഞ്ഞു.

ഒരു വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും മാറിപ്പോകുന്നതില്‍ വിഷമം ഉണ്ട്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നു. കോടതി ഇടപെടലില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ആയതില്‍ ആശ്വാസം ഉണ്ടെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.